പനമരം ബ്ലോക്ക് പഞ്ചായത്തിന്‍റെ ചരിത്രം
2010 ൽ രൂപീക്യതമായ പനമരം ബ്ലോക്ക് പഞ്ചായത്ത് വയനാട് ജില്ലയുടെ മധ്യ ഭാഗത്തു നിന്ന് തുടങ്ങി കർണാടക സംസ്ഥാനത്തിന്റെ അതിർത്തി വരെ വ്യാപിച്ചു കിടക്കുന്നു. കബനി നദിയുടെ പോഷക നദികളായ പനമരം പുഴ, നരസി പുഴ, കണ്ണാരം പുഴ, മലയോരങ്ങൾ, കാടുകൾ വയലേലകൾ എന്നിവ ബ്ലോക്ക് പഞ്ചായത്തിനെ പ്രകൃതി രമണിയമാക്കുന്നു. കേരളത്തിലെ ആദ്യ പുക രഹിത ഗ്രാമം കൂടിയാണ് പനമരം. സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ നടത്തിയ വീരുറ്റ പോരട്ടത്തിന്റെയും ചരിത്രവും ബ്ലോക്ക് പഞ്ചായത്തിനുണ്ട്. വീര പഴശ്ശിയുടെയും ടിപ്പു സുൽത്താന്റെയും തലക്കൽ ചന്തുവിന്റെയും വേടരാജാക്കന്മാരുടെയും ചരിത്രങ്ങളുമായി ബന്ധപ്പെട്ട വീരകഥകൾ പുളകമണിയിക്കുന്നതാണ്. വീര പഴശിയുടെയും ടിപ്പു സുൽത്താന്റെയും കോട്ടയുടെ അവശിഷ്‌ടങ്ങൾ ഇന്നും സ്‌മാരകങ്ങളായി നിലകൊള്ളുന്നു.
പഴശ്ശിരാജ വീരമൃതു വരിച്ച മാവിലാംതോട്, കേരളത്തിലെ ഏറ്റവും വലിയ നദിജന്യ ദ്വീപായ കുറുവ, സീതലവകുശ ക്ഷേത്രം, പനമരം പുഞ്ചവയൽ കല്ലമ്പലം, ജൈന ക്ഷേത്രം, പള്ളിക്കുന്ന്, ലൂർദ് മാതാ ദേവാലയം, തലക്കൽ ചന്തു സ്‌മാരകം, വേലിയമ്പം കോട്ട തുടങ്ങിയവ ബ്ലോക്ക് പഞ്ചായത്തിലെ അദ്ധ്യാത്മിക പാരമ്പര്യത്തിന്റെ പ്രതിബിംബങ്ങളാണ്.
1930 കളിലെ കുടിയേറ്റക്കാരുടെ ആഗമനവും അതുവഴി ഉണ്ടായ വൈവിധ്യമാർന്ന പുരോഗതിയും ബ്ലോക്ക് പഞ്ചായത്തിന്റെ സുപ്രധാന നാഴിക കല്ലുകളാണ്. വിവിധ മതങ്ങൾ ഉൾപ്പെടുന്ന ഒരു സമ്മിശ്ര സംസ്‌കാരമാണ്. ബ്ലോക്ക് പഞ്ചായത്തിനുള്ളത്. ഭൂവിസ്തൃതിയുടെ 10% റിസർവ് വനത്താൽ ചുറ്റപെട്ടു കിടക്കുന്നു. ഉയർന്ന കുന്നിൻ പ്രദേശങ്ങൾ കുത്തനെയുള്ള ചരിഞ്ഞ പ്രദേശങ്ങൾ താഴ്‌വാരങ്ങൾ സമതലങ്ങൾ എന്നിങ്ങനെയുള്ള ഭൂവിഭാഗങ്ങളാണ് കാണപ്പെടുന്നത്. പശിമാരാശി മണ്ണ്, ചുവന്ന മണ്ണ്, ചരൽമണ്ണ് എന്നിങ്ങനെയുളള മണ്ണിനങ്ങൾ കാണപ്പെടന്നു.
പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ അവസാനത്തോടെ രൂപീക്യമായ പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ പനമരം, പൂതാടി, കണിയാമ്പറ്റ, പുൽപ്പള്ളി, മുള്ളൻകൊല്ലി എന്നിങ്ങനെ അഞ്ച് ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്നു. ആകെയുള്ള 181583 ജനസംഖയയിൽ 99983 പുരുഷന്മാരും 91600 സ്ത്രികളുമാണുള്ളത്. പട്ടികജാതി വിഭാഗങ്ങൾ 5328 പേരും പട്ടിക വർഗ വിഭാഗത്തിൽ 35326 പേരുമുണ്ട്. നിരവധി ദേശാടന കിളികളുടെ ആവാസ കേന്ദ്രമായ പനമരം പുഴയോരത്തെ കൊറ്റില്ലം ബ്ലോക്ക് പഞ്ചായത്തിന്റെ എടുത്തു പറയേണ്ട സവിശേഷതയാണ്.
ബ്ലോക്ക് പഞ്ചായത്ത് റിസർവ് വനവുമായി ബന്ധപ്പെട്ട പ്രദേശമായതിനാൽ ഭൂരിഭാഗം പ്രദേശങ്ങളിലും വന്യമൃഗശല്യം അനുഭവപ്പെടുന്നു. അധ്വാന ശീലരായ കുടിയേറ്റ ജനത വനഭൂമി വെട്ടിത്തെളിച്ചു കൃഷി ഭൂമിയാക്കി മാറ്റുകയും അതോടൊപ്പം സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുകയും ചെയ്‌തിട്ടുണ്ട്. പ്രധാന വിളകൾ നെല്ല്, കുരുമുളക്, കാപ്പി എന്നിവയാണ്. കൂടാതെ റബ്ബർ, വാഴ, തെങ്ങ്, കവുങ്ങ് എന്നിവയും കൃഷി ചെയ്യപ്പെടുന്നു. പ്രധാന വിളകളായ നെൽകൃഷി കാലാവസ്ഥ വ്യതിയാനവും തൊഴിലാളി ക്ഷാമവും ജലസേചനത്തിന്റെ
അപര്യാപ്‌തതയും മൂലം നഷ്‌ടത്തിലാവുകയും കൂടുതൽ നെൽവയലുകൾ മറ്റു കൃഷികൾക്കായി മാറ്റുകയും ചെയ്‌തു. ഇത്തരത്തിലുള്ള വയൽ പരിവർത്തനം കാലാവസ്ഥ വ്യതിയാനത്തിനും പ്രധാനമായും പുൽപ്പള്ളി, മുള്ളൻകൊല്ലി, പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമത്തിന് തന്നെയും കാരണമായിട്ടുണ്ട്. ഈ പ്രദേശത്തിലൂടെ കബനി നദി കർണാടകയിലേക്ക് ഒഴുകുന്നുണ്ടെങ്കിലും ഇതിലെ വെളളം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.